തലമുറകളെ നശിപ്പിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയം

     ചിലർ പട്ടികളെ വളർത്തുന്നതു പോലെയാണ് നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥി സംഘടനകളെ ഉണ്ടാക്കി അവരെ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും രാഷ്ടത്തിന്റെ വളർച്ചയും അവരുടെ ലക്ഷ്യമല്ല. അഴിച്ചുവിട്ടിട്ടു 'പോയി കടിക്കടാ' എന്ന് പറയുമ്പോൾ എതിരാളികളെ ആക്രമിക്കുകയും തിരിച്ചു വിളിക്കുമ്പോൾ തിരികെ വരുകയും ചെയ്യുന്ന പട്ടികളെപോലെയാണ് ഇവർ വിദ്യാർത്ഥി സംഘടനകളെ അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത്.

     ഒരു നാടിൻറെ വിദ്യാഭ്യാസ നയം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ആരാണ്? വിദ്യാഭാസമുള്ളവരും ലോക പരിചയമുള്ളവരും എന്റെ നാട് നാളെ എങ്ങനെയിരിക്കണം എന്നതിൽ ക്രിയാത്മകമായ നിലപാടുള്ളവരുമാണ് വിദ്യാഭാസ നയം രൂപീകരിക്കേണ്ടതും നടപ്പാക്കേണ്ടതും.: ഇക്കൂട്ടർക്ക് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അവർക്ക് വിദ്യാഭ്യാസം വെറുമൊരു അറിവ് നേടാനുള്ള ഉപാധി മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് അനിവാര്യമായ ഒന്നാണെന്ന് അറിയാം. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ചരിത്രമെടുത്താൽ;നമ്മുടെ വിദ്യാഭാസ നയങ്ങൾ ആരാണ് രൂപീകരിച്ചത്, ആരാണ് നടപ്പാക്കിയത് എന്നതൊക്കെ പരിഗണിച്ചാൽ നമുക്ക് മനസിലാകുന്നത് പാർട്ടിയെ വളർത്തി അധികാരം പിടിച്ചെടുക്കണം അത് കഴിഞ്ഞു മറ്റുകാര്യങ്ങൾ എന്ന ചിന്തയുമായി നടക്കുന്നവരും അവരുടെ കാര്യസാധ്യത്തിനായി ബലിയാടാക്കപ്പെടുന്ന ഒരുകൂട്ടം വിദ്യാർഥിസംഘടനകളുമാണ് ഇവിടെ എന്ത് പഠിക്കണം, പഠിപ്പിക്കണം എന്നൊക്കെ തീരുമാനിച്ചിട്ടുളളത്.

     1980 കളിൽ കമ്പ്യൂട്ടർ എന്നോ കമ്പ്യൂട്ടർ കോഴ്‌സുകൾ എന്നോ കേട്ടാൽ നില തെറ്റുന്ന രാഷ്ട്രീയ പാർട്ടികളും അവരുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും 'അടിസ്ഥാന വിദ്യാഭ്യാസം ശരിയായിട്ടു മതി മറ്റു കാര്യങ്ങൾ' എന്ന് പറഞ്ഞു കേരളത്തിലെ കോളേജുകളിൽ കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങാനുള്ള സാമാന്യബുദ്ധി പോലും കാണിച്ചില്ല. അതേ സമയം തമിഴ്ട്ടനാട്ടിലെ കോളേജുകളിൽ അവർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് തുടങ്ങി! അതിന്റെ ഫലമോ? വിദേശത്തും സ്വദേശത്തുമുള്ള കമ്പനികൾ സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യാൻ ആളെ എടുത്തപ്പോൾ പ്രധാന പോസ്റ്റുകളിലെല്ലാം തമിഴ് നാട്ടിൽ നിന്നുള്ളവർക്ക് ജോലി കിട്ടി. കേരളത്തിലെ പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു ചെന്നവരിൽ വലിയൊരു വിഭാഗത്തിന് 'ഡാറ്റ എൻട്രി ഓപ്പറേറ്റർ' മാരായാണ് ജോലി കിട്ടിയത്. 1981-84 കാലഘട്ടത്തിൽ ഒരു വർഷം ഞാൻ ഡിഗ്രിക്ക് പഠിച്ചിരുന്ന ന്യൂമാൻ കോളേജ് (തൊടുപുഴ) യിൽ നാലു മണിക്കൂർ .ക്‌ളാസ്സു നടന്നത് വെറും 52 ദിവസം മാത്രമായിരുന്നു. മറ്റു ദിവസങ്ങളിലെല്ലാം അഞ്ചോ ആറോ ശതമാനം വരുന്ന കുട്ടിരാഷ്ട്രീയക്കാർ എന്തെങ്കിലും പ്രശ്നമുണ്ടാക്കുകയും ക്‌ളാസ് നടക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

     ഇന്ന് പല കോളേജ് കാമ്പസുകളിലും ചെല്ലുമ്പോൾ "സമരങ്ങളിലൂടെ നേടിയെടുത്ത സൗകര്യങ്ങൾ നിങ്ങൾ അനുഭവിച്ചുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ തള്ളിപ്പറയരുത്" എന്ന പോസ്റ്ററുകൾ കാണാം. എന്നാൽ അടിസ്ഥാനപരമായി കിട്ടേണ്ട സൗകര്യങ്ങൾ കിട്ടാതിരുന്നിട്ടുണ്ടെങ്കിൽ അതും രാഷ്ട്രീയത്തിന്റെ അതിപ്രസരം ഭരണാധികാരികളുടെ തലക്കു പിടിച്ചിട്ടാണ് എന്ന് മനസിലാക്കുന്നില്ല. രാഷ്ട്രീയം ഭരണാധികാരികളുടെ തലയ്ക്കു പിടിച്ചാൽ അവർ ദീർഘകാല കാഴ്ചപ്പാടിന് പകരം ഹ്രസ്വകാല രാഷ്ട്രീയ നേട്ടങ്ങൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക. തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ മാറ്റങ്ങൾ വരുത്താനോ, വിദ്യാർത്ഥികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനോ ഇവർ ശ്രമിച്ചേക്കാം.

  വിദ്യാർത്ഥികളെ രാഷ്ട്രീയ ചട്ടുകങ്ങൾ ആയി ഉപയോഗിക്കുമ്പോൾ ദീർഘകാലം നിലനിൽക്കുന്ന പരിമിതികളും അപകടങ്ങളും ഉണ്ടാകും. ചെറുപ്പത്തിൽത്തന്നെ വിദ്യാർത്ഥികൾക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ രൂപപ്പെടാൻ സാധ്യത കുറവാണ്. ഈ അവസ്ഥ മുതലെടുത്ത്, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനും ലക്ഷ്യങ്ങൾ നേടാനും വിദ്യാർത്ഥികളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. പലപ്പോഴും, പാർട്ടികളുടെ നേതാക്കളുടെ താൽപ്പര്യങ്ങൾക്കായി വിദ്യാർത്ഥികൾ തെരുവിലിറങ്ങാനും അക്രമാസക്തമായ സമരങ്ങളിൽ ഏർപ്പെടാനും നിർബന്ധിതരാകുന്നു. ഇത് അവരുടെ പഠനത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കും. ചെറിയ കുട്ടികളിൽ, പ്രത്യേകിച്ച് സ്കൂൾ തലങ്ങളിൽ, രാഷ്ട്രീയ പാർട്ടികൾ അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഒരു പാർട്ടിയുടെ ആശയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനോ വിമർശനാത്മകമായി വിലയിരുത്താനോ ഉള്ള കഴിവ് ഈ പ്രായത്തിൽ അവർക്ക് ഉണ്ടാകില്ല. ഇത് അവരെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അന്ധമായ അനുയായികളാക്കി മാറ്റുന്നു. സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള അവരുടെ കഴിവിനെ ഇത് ഇല്ലാതാക്കിയേക്കാം.

   വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനു സിലബസ് പരിഷ്കരിക്കുന്നതിനോ കൂടുതൽ നല്ല പഠന സാഹചര്യങ്ങൾ ഒരുക്കുന്നതിനോ വേണ്ടി ഇവിടെ ഏതെങ്കിലും വിദ്യാർത്ഥി സംഘടന സമരം നടത്തിയിട്ടുണ്ടോ? പകരം, രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങി അവർ അനാവശ്യമായ സമരങ്ങളിലും പ്രകടനങ്ങളിലും ഏർപ്പെടുന്നു. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ താറുമാറാക്കുകയും പഠനാന്തരീക്ഷത്തെ നശിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ യഥാർത്ഥ ലക്ഷ്യം പഠനമാണെന്നിരിക്കെ, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി അവർ സമയം പാഴാക്കുന്നു. പണ്ട് ഒന്നാം ക്‌ളാസ് വിദ്യാർത്ഥികളെ ടാർ റോഡിൽ പൊരിവെയിലത്തു ഇരുത്തി നടത്തിയ പ്രീഡിഗ്രി ബോർഡ് സമരം മുതൽ ഈയിടക്ക് കേരളാ യൂണിവേഴ്സിറ്റിയിൽ നടന്ന അഴിഞ്ഞാട്ടം വരെ അതിനു ഉദാഹരണങ്ങളാണ്.

   ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് മാത്രം കൂറ് പുലർത്തി വളരുന്നവർ ഭാവിയിൽ സർക്കാർ ഓഫീസുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉദ്യോഗസ്ഥരായി എത്തുമ്പോൾ പക്ഷപാതപരമായി പെരുമാറാൻ സാധ്യതയുണ്ട്. തങ്ങളുടെ പാർട്ടിക്കാർക്ക് മാത്രം നീതിയും ന്യായവും നൽകുകയും, മറ്റു പാർട്ടിക്കാരെയോ സാധാരണക്കാരെയോ അവഗണിക്കുകയും ചെയ്യുന്നത് നീതിയുക്തമായ ഭരണത്തിന് വിഘാതമാകും. ഇത് പൊതുജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കും. പോലീസ് പോലുള്ള നിയമപാലന സംവിധാനങ്ങളിൽ ഇങ്ങനെയുള്ളവർക്ക് ജോലി ലഭിക്കുമ്പോൾ പ്രശ്നം കൂടുതൽ രൂക്ഷമാകും. തങ്ങളുടെ രാഷ്ട്രീയ പാർട്ടിക്കാരെ, അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും സംരക്ഷിക്കാനും, മറ്റു പാർട്ടിക്കാരെ ഉപദ്രവിക്കാനും ഇവർ മടിക്കില്ല. ഇത് നിയമവാഴ്ചയെ അട്ടിമറിക്കുകയും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും. നീതി നിഷേധിക്കപ്പെടുന്നത് ക്രമസമാധാന നിലയെ തന്നെ ബാധിക്കും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇന്ന് നമ്മൾ അനുദിനം കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. ഇതെല്ലം സമൂഹത്തിൽ വലിയ തോതിലുള്ള അസമത്വങ്ങൾക്കും അനീതിക്കും കാരണമാകുന്നു. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെയും സാമൂഹിക ഐക്യത്തെയും ദോഷകരമായി ബാധിക്കും. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ അവബോധം ഉണ്ടാകുന്നത് നല്ലതാണ്, എന്നാൽ അത് അവരുടെ പഠനത്തെ ബാധിക്കാതെയും, പക്ഷപാതരഹിതമായ സാമൂഹിക ചിന്തകൾ വളർത്തുന്ന തരത്തിലുമായിരിക്കണം.

   കാലാകാലങ്ങളിൽ വിദ്യാഭ്യാസ പോളിസി രൂപപ്പെടുത്തുനന്നവർ ദീർഘകാല കാഴ്ചപ്പാടുള്ളവരും ഇവർ ഭാവി തലമുറകളെ എങ്ങനെ വാർത്തെടുക്കണം, അവർക്ക് എന്ത് മൂല്യങ്ങൾ പകർന്നു നൽകണം, ആഗോളതലത്തിൽ മത്സരിക്കാൻ അവരെ എങ്ങനെ പ്രാപ്തരാക്കണം എന്നതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നവരായിരിക്കണം. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത വളർച്ചയും സാമൂഹിക നീതിയും സാമ്പത്തിക വികസനവും എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയും അവർക്കുണ്ടാകണം. അവരുടെ ലക്‌ഷ്യം ഒരു പ്രത്യേക പാർട്ടിയുടെ വളർച്ചയല്ല, മറിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മയും രാഷ്ട്രത്തിന്റെ ഉന്നമനവുമാകണം. ഇങ്ങനെ രൂപപ്പെടുത്തുന്ന പോളിസി കൃത്യമായി നടപ്പാക്കാനുള്ള ഉത്തരവാദിത്വമാണ് ഭരണാധികാരികൾ - അവർ ഏതു പാർട്ടിയിൽ പെട്ടവരായാലും - കാണിക്കേണ്ടത്.